തിരുവനന്തപുരം: മസ്ക്കുലാർ ഡിസ്ട്രോഫി ബാധിതയായ 32-കാരിക്ക് പത്താം ക്ലാസ് തുല്യത പരീക്ഷ വീട്ടിൽവച്ച് എഴുതാൻ പൊതുവിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി.
തൃശൂർ, തളിക്കുളം, ആസാദ് നഗർ പണിക്കവീട്ടിലെ അനീഷ അഷ്റഫിനാണ് പത്താം ക്ലാസ് തുല്യത പരീക്ഷയുൾപ്പെടെയുളള സമാന പരീക്ഷകൾ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക സൗകര്യം നൽകണമെന്ന അവരുടെ അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്.
ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്നു എഴുതി പാസായിരുന്നു. ഒരു വർഷം മുമ്പ് നടന്ന നവകേരള സദസിൽ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും താനുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾ അനുഭവിക്കുന്ന വേദനകൾ അനീഷ പങ്കുവച്ചിരുന്നു. ഒരു മാസം മുമ്പ് ‘സി എം വിത്ത് മീ’ യിലും പരാതി നൽകി.
നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നൽകിയ ഉറപ്പിനെ തുടർന്ന് സാക്ഷരത മിഷൻ നടത്തുന്ന 10ാം ക്ലാസ് തത്തുല്യ യോഗ്യത പരീക്ഷക്ക് കഴിഞ്ഞ 16 മാസമായി അനീഷ തയാറെടുത്തു വരികയാണ്. തുല്യത പരീക്ഷ നവംബർ എട്ടിനാണ് തുടങ്ങുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അനീഷയെ വീഡിയോ കോളിൽ വിളിച്ചു സംസാരിച്ചു.
എട്ടാം വയസിലാണ് അനീഷയ്ക്കു രോഗം പിടിപെടുന്നത്. 11 വയസായപ്പോഴേക്കും നടക്കാൻ കഴിയാതാവുകയും പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. 2021 ലെ ലോകഭിന്നശേഷി ദിനത്തിൽ സാമൂഹ്യ നീതി വകുപ്പ് നടത്തിയ ‘ഉണർവ്വ് ’ ഓൺലൈൻ കഥാരചന മത്സരത്തിൽ അനീഷയ്ക്കായിരുന്നു ഒന്നാം സ്ഥാനം. 2023 ലെ സംസ്ഥാന ഭിന്നശേഷി അവാർഡും അവർക്ക് ലഭിച്ചിരുന്നു.
പരീക്ഷ നടത്തുന്നതിന്റെ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടത് പരീക്ഷാഭവൻ സെക്രട്ടറിയാണ്.